എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷ പദവിയിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ ഹിന്ദുമത വിശ്വാസികൾ കുറവുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച് നിയമ കമ്മിഷനോട് അഭിപ്രായം തേടിയിരിക്കുകയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ. ഉത്തരേന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ കുറവാണെന്നും അതിനാൽ ഇവിടങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്നാണ് ന്യൂനപക്ഷ കമ്മിഷന്റെ നടപടി.

2011ലെ സെൻസസ് പ്രകാരം മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കാശ്‌മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദുക്കൾ വളരെ കുറവാണെന്നും, ഈ സംസ്ഥാനങ്ങളിൽ ഹിന്ദുവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മിഷനാണെന്നും സുപ്രീം കോടതിയ്‌ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ന്യൂനപക്ഷ കമ്മിഷന് മുന്നിൽ ഉന്നയിക്കാനും കോടതി നിർദ്ദേശിച്ചു.