ഭാരത പര്യടനം നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍:വാഹനത്തില്‍ ഭാരത പര്യടനം നടത്തി റെക്കോര്‍ഡ് ഭേദിച്ച യുവാവിന് എം സി റോഡില്‍ ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍ പടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം വാഹനാപകടത്തില്‍ ദാരുണ അന്ത്യം. കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ്ബ് കുര്യന്‍ ( സാബു താഴ്ചയില്‍ മറിയാമ്മ ജേക്കബ്ബ്) ദമ്പതികളുടെ പുത്രന്‍ വിനു കുര്യന്‍ ജേക്കബ്ബ് ( 25 )ആണ് ബുധനാഴ്ച പുലര്‍ച്ച 1ന് അപകടത്തില്‍ മരിച്ചത്.

വിനു സഞ്ചരിച്ചിരുന്ന ഹോണ്ടആക്ടീവ സ്‌കൂട്ടറും എതിര്‍ ദിശയിലെ ത്തിയ തൃശ്ശൂരില്‍ നിന്നും തെങ്കാശിക്കു പോയ ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസ്സിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇത് കണ്ട് പുറകെ വന്ന വിനുവിന്റെ സുഹൃത്തുക്കളും സമീപമുള്ള തട്ടുകടക്കാരും, കണ്‍വന്‍ഷന്‍ പന്തലിന്റെ ജോലിക്കാരും ചേര്‍ന്ന് ചെങ്ങന്നൂരിലെ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഗവ ആശുപത്രി മോര്‍ച്ചറിയില്‍.

സംസ്‌കാരം കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബാ ജറുസലേം പള്ളിയില്‍ ശനിയാഴ്ച ഉച്ചക്ക് 3ന് .സഹോദരങ്ങള്‍ ജോജേക്കബ്ബ് എന്‍ജിനീയര്‍ ചൈതന്യ കണ്‍സഷന്‍ ഏറ്റുമാനൂര്‍ ,ക്രിസ്റ്റ് ജേക്കബ്ബ് . വാഹനം ഓടിക്കുന്നതില്‍ ഏറെക്കമ്പമുണ്ടായിരുന്ന വിനുവും ,സഹോദരന്‍ ജോയും കാശ്മീരീര്‍ ലഡാക്ക് മുതല്‍ കന്യാകുമാരി വരെ 2 ദിവസവും 5 മണിക്കൂര്‍ കൊണ്ട് കാര്‍ ഓടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈക്കൂട്ടത്തില്‍ ഇവരുടെ ബന്ധു ജോസിന്‍ ബേബിയും ഉണ്ടായിരുന്നു.

12 സംസ്ഥാനങ്ങളിലൂടെ 3888 കി.മീറ്റര്‍ 58 മണിക്കൂര്‍ 52 മിനിറ്റ് ദൂരം താണ്ടിയാണ് നിലവിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് ലിംങ്കാ ബുക്കില്‍ കയറിപ്പറ്റിയത് .ഇനിയും കൂടുതല്‍ സാഹസിക യാത്രക്ക് പദ്ധതി ഇട്ടിരിക്കവേയാണ് വിനുവിന് ദാരുണമായ അന്ത്യം സംഭവിച്ചത്.