വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്നു

തിരുവനന്തപുരം: പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

നിലവിലുളള കേരള വനിത കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.

മന്ത്രിസഭാ തീരുമാനം വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്വാഗതം ചെയ്തു. നിലവില്‍ സാക്ഷികളെ മാത്രമേ വിളിച്ചുവരുത്താന്‍ കഴിയൂ. കമ്മീഷന്‍ രൂപീകരിച്ച് 25 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു ഭേദഗതി. കമ്മീഷന്റെ നാളിതുവരെ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചുനിന്ന കുറവാണ് ഇപ്പോള്‍ തിരുത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കമ്മീഷന്റെ പ്രവര്‍ത്തന മണ്ഡലം വിപുലപ്പെടുകയും പരാതികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍.
അടിയന്തര നടപടി ആവശ്യപ്പെടുന്ന നിരവധി പരാതികളാണ് ദിനംപ്രതി ലഭിക്കുന്നത്. എതിര്‍കക്ഷികള്‍ മിക്കപ്പോഴും നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പൊലീസ് വഴി റിപ്പോര്‍ട്ട് ശേഖരിക്കേണ്ടി വരുന്നു.

യഥാസമയം പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിന് ഇത് തടസ്സമാണ്. ഇതു മറികടക്കാന്‍ കമ്മീഷന് കൂടുതല്‍ അധികാരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ജോസഫൈന്‍ വെളിപ്പെടുത്തി.