സന്നിധാനത്ത് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

ശബരിമല: സന്നിധാനത്ത് പാണ്ടിത്താവളങ്ങളില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന ആലപ്പുഴ അയ്യപ്പന്‍ചേരി സൗമാഭവനില്‍ ഭാസ്‌ക്കരന്‍ മകന്‍ സുധാകരന്‍(55)ആണ് സന്നിധാനം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് പതിനായിരം രൂപയോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

സന്നിധാനം പോലീസ് കേസെടുത്തു. റെയ്ഡില്‍ സന്നിധാനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ. രവീന്ദ്രന്‍നായര്‍, സി.പി.ഒമാരായ ശ്യാം, ഹരികൃഷ്ണന്‍, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത് എന്നിവര്‍ പങ്കെടുത്തു.