അഴിമതി വേട്ട: സൗദിയിൽ അറസ്റ്റിലായ ഉന്നതരില്‍ മിക്കവരുടേയും കേസ് ഒത്തുതീര്‍പ്പായി

റിയാദ്: അഴിമതി നടത്തിയെന്ന പേരിൽ സൗദിയിൽ ഒരു മാസം മുമ്പ് അറസ്റ്റിലായ രാജകുമാരൻമാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരിൽ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീർപ്പായി. തടവിലായിരുന്ന മിക്കവരും ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച് നിയമ നടപടികളിൽ നിന്നും ഒഴിവാകുകയായിരുന്നു എന്ന് സൗദി അറേബ്യ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

അതേസമയം ഒത്തു തീർപ്പ് വ്യവസ്ഥകൾ പ്രകാരം ഇവരിൽ നിന്ന് എത്ര സമ്പത്ത് കണ്ടുക്കെട്ടിയെന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇവരിൽ നിന്ന് പിടിച്ചെടുക്കുന്ന പണം ഖജനാവിലേക്ക് മാറ്റുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. മൊത്തം 320 പേരെയാണ് അഴിമതിയുടെ പേരിൽ തടവിലാക്കിയത്. ഇതിൽ 159 പേർ ഇപ്പോഴും തടങ്കലിൽ കഴിയുകയാണ്.

പിടിയിലായ മുൻ ദേശീയ ഗാർഡ് തലവനായിരുന്ന മിതേബ് ബിൻ അബ്ദുല്ല രാജകുമാരൻ 6500 കോടിയോളം രൂപയുടെ കരാറിലാണ് കഴിഞ്ഞ ആഴ്ച മോചിതനായത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ നേതൃത്വത്തിലാണ് രാജ്യത്ത് അഴിമതി വിരുദ്ധപോരാട്ടം ആരംഭിച്ചത്.