വടക്കേന്ത്യയില്‍ ഭൂചലനം; തീവ്രത 5.5

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം. ഡല്‍ഹിയിലും, ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഉത്തരാഖണ്ഡിലെ റൂര്‍ഖിയിലും ഡെറാഡൂണിലും ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി. ഡെറാഡൂണില്‍ നിന്ന് 121 കി.മീ. കിഴക്കു മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

താരതമ്യേന ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരും കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്ക് ഇറങ്ങിയോടി. തുടര്‍ച്ചയായ പ്രകമ്പനങ്ങളാണുണ്ടായതെന്ന് ഒട്ടേറെ പേര്‍ ട്വീറ്റു ചെയ്തു.