കോൺഗ്രസിൽ പിടിച്ചു നിർത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്ന്; കെ മുരളീധരന് എ പദ്മകുമാറിന്‍റെ മറുപടി

തിരുവനന്തപുരം: കെ മുരളീധരന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മറുപടി. തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നവർ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം. തന്‍റെ പൊതുജീവിതത്തെക്കുറിച്ച് മുരളീധരനുള്ള കരുതലിൽ സന്തോഷമുണ്ട്. എന്നാൽ രാമൻ നായരെ പോലും കോൺഗ്രസിൽ പിടിച്ചു നിർത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്ന് എ പദ്മകുമാർ പരിഹസിച്ചു.

പതിനഞ്ചാം വയസിലാണ് താൻ പൊതുപ്രവർത്തനം തുടങ്ങിയത്. ഇന്നുവരെ പാർട്ടിയോ മുന്നണിയോ മാറേണ്ടിവന്നിട്ടില്ല. പാർട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ തോന്നിയത്. അവനവന്‍റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്നമുള്ളവർക്കാണ് ഇങ്ങനെ തോന്നുക. കണ്ണടക്കുന്ന കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് തന്‍റെ സ്വപ്നം. അത് മുരളീധരന് മനസ്സിലാകില്ലെന്നും എ പദ്മകുമാർ പറഞ്ഞു.

ശബരിമലമല വിഷയത്തില്‍ എ പദ്മകുമാര്‍ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നതെന്നും അദ്ദേഹത്തിന് ഉടൻ സിപിഎം വിടേണ്ടിവരുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.