ആത്മവിശ്വാസത്തോടെ ഇന്ത്യ; ഏഷ്യന്‍ കപ്പില്‍ ഇന്ന് ആതിഥേയർക്കെതിരെ

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ യുഎഇയെ നേരിടും. തായ്‌ലന്റിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 4-1 നാണ് തായ്‌ലന്റിനെ തകര്‍ത്തത്. ഇന്ന് രാത്രി 9:30നാണ് മത്സരം.

ഇന്ത്യയേക്കാള്‍ ശക്തമായ ടീമാണ് യുഎഇ എന്നതും വെല്ലുവിളിയാണ്. എന്നാല്‍ തായ്‌ലന്റിനെ ഞെട്ടിച്ച ടീം ഇന്ത്യയെ കരുത്തരായ എതിരാളിയെന്ന നിലയ്ക്കു തന്നെയായിരിക്കും യുഎഇ കളിക്കളത്തിലിറങ്ങുക. ബഹറിനുമായുള്ള ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ യുഎഇക്ക് ഇന്ത്യയ്‌ക്കെതിരെയുള്ള വിജയം അനിവാര്യമായ സാഹചര്യമാണ്.