പ്രളയം: രണ്ടുവര്‍ഷത്തേക്ക് സെസ് ഈടാക്കാന്‍ കേരളത്തിന് അനുമതി

ഡല്‍ഹി: കേരളത്തിന് രണ്ടുവര്‍ഷത്തേക്ക് ഒരുശതമാനം പ്രളയ് സെസ് ഈടാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ അനുമതി നല്‍കി. മാത്രമല്ല ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം.

നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ ശുപാർശ നൽകിയിരുന്നു. പ്രളയാനന്തര പുനർനിർമാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാൻ സംസ്ഥാനസർക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ. പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ പുനർനിർമാണത്തിനുളള ഫണ്ട് കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനെ കാര്യങ്ങൾ ധരിപ്പിച്ച് സെസ് പിരിക്കാൻ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും ഇതിലൂടെ വഴി തെളിയുകയാണ്.

പുനർനിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ പുറംവായ്പയുടെ പരിധി ഉയർത്താനും സർക്കാരിന് അനുമതി കിട്ടിയിട്ടുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും – എന്നീ കാര്യങ്ങൾ സംസ്ഥാനത്തിന് തീരുമാനിക്കാം.