മലയാളി മനസിൽ ഇപ്പോഴും ജീവിക്കുന്ന മോനിഷ

മലയാളികൾ ചിലരെ വല്ലാതെ സ്നേഹിക്കും,ആരാധിക്കും,തങ്ങളുടെ
ജീവിതത്തിൻറ്റെ ഭാഗമായി ചേർത്ത് നിർത്തും. അകാലത്തിൽ നമ്മളെ എല്ലാം
വിട്ടുപിരിഞ്ഞ മോനിഷ അത്തരത്തിൽ മലയാളികൾക്ക്
പ്രിയപ്പെട്ടവളായിരുന്നു.

ആലപ്പുഴയ്ക്കടുത്തു ചേർത്തലയിൽ വച്ചുണ്ടായ ഒരു
കാർ അപകടത്തിൽ പെട്ട് മോനിഷ നമ്മെയെല്ലാം വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 25
വർഷം പിന്നിടുന്നു.25 വർഷങ്ങൾക്കുള്ളിൽ മലയാള സിനിമയിൽ പല നായികമാർ
വന്നും പോയും നിലയുറപ്പിച്ചും നിന്നെങ്കിലും മലയാളി എന്നും മോനിഷയെ
നെഞ്ചോടു ചേർത്ത് വെച്ചിരിക്കുന്നത് എന്തു കൊണ്ടാവും?

നാരായണൻ ഉണ്ണി, ശ്രീദേവി ഉണ്ണി ദമ്പതികളുടെ പ്രിയപ്പെട്ട മകൾ മലയാളികൾക്കു
പ്രിയപ്പെട്ടവളായി തീരുന്നത് 1986ൽ റിലീസായ ഹരിഹരൻ -എം.ടി കൂട്ടുകെട്ടിൽ
പിറന്ന നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെയാണ്. നായക കേന്ദ്രീകരിതമായി
വ്യാഖ്യാനിക്കപ്പെട്ടിരുന്ന ബോക്സ് ഓഫീസ് സങ്കൽപ്പങ്ങളെ കൂടി മാറ്റി
എഴുതുകയായിരുന്നു ഗൗരി എന്ന വീട്ടു വേലക്കാരിപെണ്ണിലൂടെ മോനിഷ
.മലയാള സിനിമ അതുവരെ കാണാതിരുന്ന സ്വാഭാവിക അഭിനയത്തിലൂടെ മികച്ച
നടിക്കുള്ള ദേശീയ അവാർഡ് മോനിഷ വാങ്ങുമ്പോൾ പ്രായം 14 വയസ്സ് .

സല്ലാപത്തിലെ രാധാ എന്ന വീട്ടു വേലക്കാരി പെണ്ണിലൂടെ മഞ്ജു വാര്യരെയും
,നന്ദനത്തിലെ നവ്യാനായരുടെ ബാലാമണിയേയും കണ്ടപ്പോൾ മലായാളി ആദ്യം
ഓർത്തത് നഖക്ഷങ്ങളിലെ മോനിഷയെയായിരുന്നു
ആര്യനിലെ സൈനബയും,അധിപനിലെ ഗീതയും,പെരുംന്തച്ചനിലെ
തമ്പുരാട്ടികുട്ടിയും,കമലദളത്തിലെ മാളവികയും എല്ലാം ഇന്നും കണ്ടു
കൊണ്ടിരിക്കുന്ന മലയാളിമനസിൽ മോനിഷ മരിക്കാതെ ജീവിച്ചു
കൊണ്ടിരിക്കുന്നു.

വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ മലയാളികളുടെ മനസ്സിലിടംപിടിച്ച ഈ അഭിനേത്രി അനന്തതയിലലിഞ്ഞുചേർന്നിട്ടു ഇന്നേക്ക് ഇരുപത്തിയഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. 1992 ഡിസംബർ 5 ഇന്നേ ദിവസമായിരുന്നു മലയാളികളുടെ മനസ്സിലേക്ക് ദുഖത്തിൻറെ നെരിപ്പോടുയർത്തി കാറ്റതണഞ്ഞുപോകുന്ന തിരിനാളം പോലെ ഒരു വാഹനാപകടത്തിൽ മോനിഷ ഉണ്ണി എന്ന ശാലീന നക്ഷത്രം അണഞ്ഞുപോയത്.

നഖക്ഷതങ്ങൾ എന്ന ആദ്യ ചിത്രത്തിൽ തന്നെ ദേശിയ പുരസ്ക്കാരം നേടി മലയാള സിനിമയുടെ വാഗ്ദാനമായിരുന്ന മികച്ച അഭിനയത്തിൻറെ ഒരു നിറക്കൂട്ട് .. പിന്നീട് കുറച്ചേറെ നല്ല സിനിമകൾ. പെരുന്തച്ചൻ, കടവ് , കനകാംബരങ്ങൾ, തുടങ്ങി ചെപ്പടിവിദ്യ വരെ നീളുന്ന ഓർമ്മയിൽ തങ്ങി നിൽക്കുന്ന നല്ല കഥാപാത്രങ്ങളെ സൃഷ്ടിച്ച ഒരു പിടി നല്ല സിനിമകള്‍… മലയാളികളുടെ മനസിലെന്നും ഒരു നറുപുഷ്‌പം പോലെ ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു മോനിഷ.
.