കാമുകഭാവം ഉണര്‍ത്തിയ ചോക്ലേറ്റ് കുമാരന്‍

മുംബയ്: ബോളിവുഡ് സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരമായിരുന്നു അന്തരിച്ച ശശികപൂര്‍. ഹിന്ദി സിനിമയ്ക്ക് ഒരു കുടുംബത്തോടാണ് കൂടുതല്‍ കടപ്പാട്- കപൂര്‍ കുടുംബത്തോട്. മുംബയിലെ ആദ്യകാല തിയേറ്ററുകളില്‍ (വെറും സിനിമാ തിയേറ്ററല്ല, സിനിമ നിര്‍മ്മാണ് തിയേറ്റര്‍) ഒന്നായ കപൂര്‍ സ്റ്റുഡിയോയുടെ സ്ഥാപകനായ പൃഥ്വിരാജ് കപൂറിന്റെ മക്കളില്‍ ഇളയവനെങ്കിലും ചോക്‌ലേറ്റ് ഹീറോ എന്ന പ്രശസ്തി ശശിക്ക് മാത്രമുള്ളതായിരുന്നു.

ചെറുപ്പക്കാരുടെ മനസ്സില്‍ കാമുക ഭാവം ഉണര്‍ത്താന്‍ അദ്ദേഹത്തിനായി. അറുപതുകള്‍ മുതല്‍ എണ്‍പതുകളുടെ മധ്യംവരെ ആ പരിവേഷത്തില്‍ നിന്ന് മാറി സമാന്തര സിനിമകളുടെ ഭാഗമായി.

അച്ഛന്‍ സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ ആദ്യകാല അഭിനയക്കളരി. നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണ് അത്. നാല്പതുകളില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. തിളങ്ങുംതാരങ്ങളായിരുന്ന രാജ് കപൂറും ഷമ്മികപൂറുമാണ് ജ്യേഷ്ഠന്മാര്‍. ആഗ് (1948), ആവാരാ (1951) എന്നീ സിനിമകളില്‍ രാജിന്റെ ചെറുപ്പമവതരിപ്പിച്ചതും ശശിയായിരുന്നു.

1961ലാണ് നായകനായുള്ള അരങ്ങേറ്റം. ഇസ്മയില്‍ മര്‍ച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും നിര്‍മാണക്കമ്പനിയായ മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ സിനിമകളിലൂടെ വിവിധ ബ്രിട്ടീഷ്, അമേരിക്കന്‍ ചലച്ചിത്രങ്ങളുടെ ഭാഗമായി. ‘ദ ഹൗസ് ഹോള്‍ഡര്‍’ (1963), ‘ഷേക്‌സ്പിയര്‍ വാല’ (1965), ‘ബോംബെ ടോക്കി’ (1970), ‘ഹീറ്റ് ആന്‍ഡ് ഡസ്റ്റ്’ (1982), സിദ്ധാര്‍ഥ (1972), മുഹാഫിസ് (1994) തുടങ്ങിയവ ശ്രദ്ധേ ചിത്രങ്ങളാണ്. ഫിലിം വാലാസ് എന്ന പേരില്‍ 1978ല്‍ സ്വന്തം നിര്‍മാണക്കമ്പനി തുടങ്ങി. നിരൂപക പ്രശംസ നേടിയ ജുനൂണ്‍ (1978), കലിയുഗ് (1981), 36 ചൗരംഗീ ലെയ്ന്‍ (1981), വിജേത (1982), ഉത്സവ് (1984) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.