നോക്കുകൂലി നൽകിയില്ല; ‘ഒടിയനെ’ കടത്തി തൊഴിലാളികൾ

തൃശൂർ: നോക്കുകൂലി നൽകാത്തതിന്റെ പേരിൽ തൃശൂർ രാഗം തിയറ്ററിൽ തർക്കം. ഒടുവിൽ ഇറക്കിയ സിനിമാ നോട്ടിസുകളും പ്രചാരണ വസ്തുക്കളുമായി സി.ഐ.ടി.യു തൊഴിലാളികൾ കടന്നു. കൂലിത്തർക്കത്തെത്തുടർന്നു വൻതുക നൽകാൻ ഉടമ വിസമ്മതിച്ചതോടെയാണു സംഘം ചേർന്നു തിരിച്ചെത്തിയ തൊഴിലാളികൾ പോസ്റ്റര്‍ അടക്കം കടത്തിക്കൊണ്ടുപോയത്. ‘ഒടിയൻ’ എന്ന സിനിമയ്ക്കു വേണ്ടി എത്തിച്ചതായിരുന്നു നോട്ടിസുകൾ.

തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന നോട്ടിസ് നേരത്തേ ബസിൽനിന്ന് ഇറക്കിയതായിരുന്നു. ഇതിനു കൊറിയർ കമ്പനിക്കാർ കൂലിയും നൽകിയിരുന്നു. തുടർന്ന് രാഗം തിയറ്ററിൽ എത്തിച്ച നോട്ടിസുകൾ കൊറിയർ കമ്പനിക്കാർ ഇറക്കിവച്ചു. ഇതിനു കൂലി ചോദിച്ചപ്പോൾ സർക്കാർ നിശ്ചയിച്ച കൂലി നൽകാൻ കമ്പനിയും തിയറ്റർ ഉടമയും തയാറായിരുന്നെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതൽ ആവശ്യപ്പെട്ടതോടെ തുക നൽകാനാകില്ലെന്ന് ഉടമ പറഞ്ഞു.

പിരിഞ്ഞുപോയ തൊഴിലാളികൾ തിരിച്ചെത്തി ഇറക്കിയ നോട്ടിസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു. ഇവയുമായി വന്ന പെട്ടി ഓട്ടോറിക്‌ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാർ സാധനങ്ങൾ കൊണ്ടുപോയത്. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്.