സാലറി ചാലഞ്ചിലൂടെ പ്രതീക്ഷിക്കുന്നത് 1500 കോടി; യുഎഇ സഹായം നഷ്ടമായത് കനത്ത തിരിച്ചടി; അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണരായി വിജയൻ. സഭയിൽ വരവ് ചിലവ് കണക്കുകൾ നിരത്തിയാണ് മന്ത്രി അടിയന്തരപ്രമേയത്തിന് മറുപടി നൽകിയത്. പ്രളയദുരിതാശ്വാസത്തിന് തുക നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിയ്ക്കുന്ന അവഗണനയ്ക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിലപാട് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതെ സമയം സാലറി ചാല‍ഞ്ചുൾപ്പടെയുള്ള പദ്ധതികൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പരാമർശം മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ വിമർശിച്ചു. പ്രളയപുനർനിർമാണപദ്ധതികൾ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. 1500 കോടി രൂപയാണ് സാലറി ചാലഞ്ചിലൂടെ സമാഹരിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നത്.

സുപ്രീംകോടതി വിധിപ്രകാരം സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ ദുരന്തപ്രതികരണനിധിയിൽ 989 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഎഇയിൽ നിന്ന് ധനസഹായം നിഷേധിയ്ക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എം.എ.യൂസഫലി വ്യക്തമാക്കിയത് അനുസരിച്ചാണ് യുഎഇ ധനസഹായത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞത്. മുൻപ് ഗുജറാത്തിനും വിദേശധനസഹായം കിട്ടിയിട്ടുണ്ട്. യുഎഇ സഹായം കിട്ടിയതിന് പിറ്റേന്ന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതുമാണ്. യുഎഇ ധനസഹായം നൽകിയാൽ സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളും സഹായം നൽകിയേനെ. അങ്ങനെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.