ശ്രീചിത്രൻ വഞ്ചിച്ചു; കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോടും മാപ്പ് പറയുന്നു- ദീപാ നിശാന്ത്

തൃശ്ശൂര്‍: എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്. പൊതുസമൂഹത്തില്‍ ഇടപെടുന്ന വ്യക്തി എന്ന നിലയിലും അധ്യാപിക എന്ന നിലയിലും തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ പറഞ്ഞു.

കവിത തന്റെ പേരിൽ പ്രസിദ്ധീകരിച്ചത് ശ്രീചിത്രൻ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചത് മൂലാമാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ പുലർത്തേണ്ട ജാഗ്രത കാട്ടാൻ തനിക്കായില്ല. അയാള്‍ ഇത്തരത്തില്‍ പലരേയും തെറ്റിധരിപ്പിച്ചിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. ദീപ പറഞ്ഞു.

വിദ്യാര്‍ഥി സമൂഹം പൂര്‍ണമായും എന്റെ കൂടെയുണ്ട്. എഴുത്തുകാരി എന്ന നിലയില്ല, ടീച്ചര്‍ എന്ന നിലയിലാണ് ഇടപെടുന്നതെന്നും ഈ വിഷയങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരുടെ മാനസികവും വൈകാരികവുമായ പിന്തുണയും ഒപ്പമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കലേഷിന്റെ കവിത എ.കെ.പി.സി.ടി.എ.യുടെ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ദീപാ നിശാന്തിന്റെ പ്രതികരണം. നേരത്തെ തന്നെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു.