മുഖ്യമന്ത്രിയെ വഴിതടയാൻ ബിജെപി, നിരോധനാജ്ഞ ലംഘിക്കും; സുരക്ഷ കൂട്ടി പൊലീസ്

ചെങ്ങന്നൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും ബിജെപി വഴിയില്‍ തടയും. ഞായറാഴ്ച ചെങ്ങന്നൂരില്‍ പരിപാടിക്കെത്തുന്ന മുഖ്യമന്ത്രിയെ വഴിതടഞ്ഞാണ് പ്രതിഷേധത്തിന് തുടക്കമിടുക.

ചെങ്ങന്നൂരിലെ എന്‍ജിനീയറിങ് കോളേജില്‍ രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. വഴിതടയല്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ചെങ്ങന്നൂരിലും മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലും ഒരുക്കിയിരിക്കുന്നത്.

നിരവധി പോലീസുകാരെ ചെങ്ങന്നൂരിലെ പ്രധാന സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിക്ക് ഒരുകിലോമീറ്റര്‍ അകലെ വരെ കനത്ത പോലീസ് കാവലുണ്ട്.

ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാകും വഴിതടയല്‍ സമരം നടക്കുകയെന്നാണ് സൂചന. പ്രതിഷേധക്കാര്‍ വേദിക്ക് സമീപത്തേക്ക് എത്താതിരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

ജലപീരങ്കിയും ഗ്രനേഡ് ലോഞ്ചറുകളും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.