കാശ്മീരിൽ കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കും; ബി.ജെ.പിക്ക് തിരിച്ചടി

ശ്രീനഗർ: രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരിൽ മുഖ്യ രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസും (എൻ.സി) പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി)യും കോൺഗ്രസും ചേർന്നുള്ള സഖ്യം സർക്കാർ രൂപീകരിക്കും. മൂന്ന് പാർട്ടികളും ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തി. പി.ഡി.പിയുടെ അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാവും. നേതാക്കൾ ഗവർണറെ കണ്ടു.

അടുത്ത മാസം രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി പൂർത്തിയാകാൻ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. എൻ.സി-പി.ഡി.പി സർക്കാറിനെ പിന്തുണക്കുന്നതിൽ അനുകൂല നിലപാടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂൺ 19നാണ് മെഹ്ബൂബ മുഫ്തി സർക്കാർ രാജിവച്ചത്. രണ്ട് നാമനിർദേശ അംഗങ്ങൾ അടക്കം 89 പ്രതിനിധികളുള്ള ജമ്മു കാശ്മീർ നിയമസഭയിൽ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസ് 15, കോൺഗ്രസ് 12, ജെ.കെ.പി.സി 2, സി.പി.എം, ജെ.കെ.പി.ഡി.എഫ് എന്നിവർക്ക് ഒന്ന് വീതം, മൂന്ന് സ്വതന്ത്രർ എന്നിവരാണ് മറ്റ് അംഗങ്ങൾ.