മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ ഇടിച്ചുകൊന്നത് പോലീസുകാരന്‍ അല്ല; പോലീസിനെതിരെ ഉയരുന്നത് വ്യാജ വാര്‍ത്തകള്‍

തിരുവനന്തപുരം: പോലീസിന്റെ വീഴ്ചകള്‍ ശക്തമായി പ്രചരിക്കുന്ന സമയത്ത് പോലീസിനെ കരിവാരിത്തേക്കാന്‍ ശ്രമം. നെയ്യാറ്റിന്‍കരയില്‍ സനലെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് ഡിവൈഎസ്പി തള്ളിയിട്ട് കൊന്നതിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് നിരവധി വാര്‍ത്തകളാണ് വരുന്നത്. മദ്യലഹരിയില്‍ പോലീസുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് മരണം നടന്നെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.

മാഹീന്‍ എന്ന പോലീസുകാരനാണ് മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ കൊന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മാഹീന്‍ പോലീസ് സര്‍വ്വീസില്‍ ഉള്ളയാളല്ലെന്നും ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി രാജിവെച്ച് ഗള്‍ഫില്‍ മറ്റ് ജോലികള്‍ക്കായി പോയ ആളാണെന്നും പോലീസ് പറയുന്നു. 1990 ല്‍ പോലീസ് ഉദ്യോഗസ്ഥനായി SAP യില്‍ ജോലിക്ക് കയറിയ ആളാണ് വാഹനം ഓടിച്ചിരുന്ന മാഹീന്‍. 1993 വരെ മാത്രം പോലീസ് ജോലി ചെയ്തശേഷം (കേവലം മൂന്ന് വര്‍ഷം) കഴിഞ്ഞ 26 വര്‍ഷമായി വിദേശത്ത് ആണ് . കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി പോലീസ് സേനയുമായി ഒരു ബന്ധവും പുലര്‍ത്താത്ത ആളാണ് മാഹീന്‍. എന്നാല്‍ പണ്ട് പോലീസില്‍ ജോലി ചെയ്തിരുന്ന പേരില്‍ പോലീസിനെ കരിവാരിത്തേക്കാനായി പോലീസുകാരന്‍ ഇടിച്ചുകൊന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് വസ്തുതയ്ക്ക് വിരുദ്ധമാണ്.

അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഒരു സംവിധാനത്തിന്റെ വിശ്വാസ്യതയാകെതന്നെ തകര്‍ക്കുമെന്ന് തിരിച്ചറിയുക. പോലീസിനെതിരായ വാര്‍ത്തകള്‍ എപ്പോഴും റേറ്റിംഗ് കൂട്ടുക തന്നെ ചെയ്യും. വാര്‍ത്തകള്‍ വ്യാജമോ, വസ്തുതാവിരുദ്ധമോ ആകുമ്പോള്‍ അത് താങ്ങാന്‍ കഴിയാത്തവര്‍ സമസ്ത മേഖലയിലുമുണ്ട്. അങ്ങനെ ആത്മഹത്യ ചെയ്തവരും, മരണപ്പെട്ടവരും, ജീവിച്ചിരിക്കുന്നവരുമായ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു അറിയിച്ചു.