ബന്ധുനിയമനം: എഎൻ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശേരി എം.എൽ.എ എ.എൻ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. സർവ്വകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം റാങ്ക് നേടി ഡോ. എ.പി ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്നായിരുന്നു പരാതി.

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സർക്കാരിനോടും കണ്ണൂർ യൂണിവേഴ്സിറ്റിയോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എ.എൻ ഷംസീർ.എം.എൽ.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂർ സർവകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.