ശബരിമല വിഷയത്തില്‍ ഇനിയും പഴയ നിലപാടില്‍ കടിച്ചു തൂങ്ങരുത്; സര്‍ക്കാരിനോട് ചെന്നിത്തല

കൊച്ചി: സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല എന്ന സാങ്കേതികത്വം പറഞ്ഞ് ശബരിമല വിഷയത്തില്‍ ഇനിയും പഴയ നിലപാടില്‍ കടിച്ചു തൂങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിന്റെ വിശാലമായ താത്പര്യം കാത്തു സൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടതതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തില്‍ നിലവില്‍ലുളള സര്‍ക്കാര്‍ എല്ലാവരുടെയും സര്‍ക്കാരാണ്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് തീര്‍ത്ഥാടനം നടത്താനുളള സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ആര്‍എസിസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയെ കലാപ ഭൂമിയാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനും ബിജെപിക്കും സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമാണ്. ആ അവസ്ഥാവിശേഷം ഇനി ഉണ്ടാകരുത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറായ സാഹചര്യത്തില്‍ പക്വമായ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.