സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണെന്ന്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. കോടതിയില്‍ ഏത് രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ നാളെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും നിയമവിദഗ്ധര്‍ മറ്റുചില അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും എ. പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് ദേവസ്വംബോര്‍ഡ് കാണുന്നത്. മറ്റ് ദോഷങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ എന്താണ് സുപ്രീംകോടതിയില്‍ ചെയ്യാന്‍ കഴിയുന്നതെന്ന് വെച്ചാല്‍ അത് നാളത്തെ ബോര്‍ഡ് മീറ്റിങ്ങിന് ശേഷം ദേവസ്വം കമ്മീഷണര്‍ തന്നെ ചെയ്യണം എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ദേവസ്വംബോര്‍ഡ് കൃത്യമായി ഇടപെടുമെന്നും എ. പദ്മകുമാര്‍ വ്യക്തമാക്കി. മുന്‍ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകുമെന്ന കാര്യത്തില്‍ നാളത്തെ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങള്‍കൂടി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ഇപ്പോഴത്തെ അഭിപ്രായം.