മൂന്നാം ദിവസവും നിരോധനാജ്ഞ ലംഘിച്ചു: നിലയ്ക്കലില്‍ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളടങ്ങിയ സംഘത്തെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിഎം വേലായുധന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധിച്ചത്.ഇന്നലെയും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്‍റെയും ജെ ആർ പത്മകുമാറിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചിരുന്നു.

ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ചു. അധികം വൈകാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിലക്കൽ സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിടുകയ‌‌ായിരുന്നു. ഇതേ തുടർന്ന് നിലയ്ക്കലിലെ പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നു.