നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി; “എനിക്ക് കേരളീയരിൽ വിശ്വാസമുണ്ട്”

നവകേരള സൃഷ്ടിക്കായുള്ള കേരളത്തിന്റെ ശ്രമങ്ങളെ തകർക്കാനാണ് കേന്ദ്ര ഗവൺമെന്റിന്റെ നീക്കങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. നവകേരളനിർമാണത്തിനായി പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പിക്കാൻ യു.എ.ഇ.യിൽ നടത്തുന്ന പര്യടനത്തിന്റെ ഷാർജയിലെ അവസാന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.എ.ഇ.യിലേക്ക് യാത്ര തിരിക്കുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഇവിടെയെത്തിയപ്പോൾ ആ പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യമായി.

പ്രളയ ദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറായി വന്നിട്ടുള്ളത്. എന്നാൽ നിങ്ങളങ്ങിനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചത് അതു കൊണ്ടാണ്.

വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രാനുമതി മന്ത്രിമാർക്ക് നിഷേധിച്ച നടപടി ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയാണ്. കേരളത്തിന്റെ സാധ്യതകൾ തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിന് മുന്നോട്ടുപോകാനുള്ള അവസരം നിഷേധിച്ചു. ഇതൊരു നിസ്സാരപ്രശ്നമല്ല. ഒരു ജനതയുടെ ഭാവിയുടെ പ്രശ്നമാണ്. വരുംതലമുറയുടെ കൂടി പ്രശ്നമാണ്. എന്നാൽ, നാം ജനിച്ച നാടിനെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളെ ആർക്കും തടയാനാകില്ല.

ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ തടയുന്നു. കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇതിനെതിരെ മലയാളിയുടെ അഭിമാനബോധം ഉയർന്നു വരികതന്നെ ചെയ്യും.

എനിക്ക് കേരളീയരിൽ വിശ്വാസമുണ്ട്. ഇവിടെയാണ് മലയാളിയുടെ കരുത്തും അഭിമാനവും പ്രകടിപ്പിക്കേണ്ടത്. ആ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് മറുപടി നൽകാനാവണം ഇനിയുള്ള നമ്മുടെ ശ്രമം. നാടിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തിയാവണം ഇതിന് മറുപടിപറയാൻ. ഒറ്റക്കെട്ടായിനിന്ന് നാടിന്റെ നിർമാണപ്രക്രിയയിൽ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ഷാർജ ഗോൾഫ് ക്ലബ്ബിൽനടന്ന സമ്മേളനത്തിൽ വിവിധ എമിറേറ്റുകളിൽനിന്ന് വൻ ജനാവലി എത്തിയിരുന്നു.