ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഇന്നും യുവതികളെ തടഞ്ഞ് ഭക്തര്‍ ; പൊലീസ് സ്റ്റേഷനുകളിലേക്ക് കര്‍മസമിതി മാര്‍ച്ച്; സംയമനം പാലിക്കാന്‍ പൊലീസ്‌

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.ആന്ധ്രാ സ്വദേശികളാണ് ഇവരെന്നാണ് സൂചന. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്.
ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളെ പിന്നീട് പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. ഞായറാഴ്ചയായതിനാല്‍ തീര്‍ഥാടകരുടെ വലിയ തിരക്കാണ് ശബരിമലയില്‍. മലയാളികളായ നിരവധി തീര്‍ഥാടകര്‍ സന്നിധാനത്തേയ്ക്ക് എത്തിയിട്ടുണ്ട്.

ശബരിമലയില്‍ പ്രത്യേകസംഘത്തെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ദീര്‍ഘകാലത്തെ പരിചയമുള്ള ഓഫീസര്‍മാരാണ് ക്രമസമാധാനച്ചുമതല നിര്‍വഹിക്കുന്നത്. ഇത്തവണ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. മണ്ഡല-മകരവിളക്ക് സീസണ്‍ പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ തീര്‍ഥാടക സീസണ്‍ കഴിഞ്ഞ ശേഷം ഉന്നതപൊലീസുദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുള്‍പ്പടെ, സാഹചര്യങ്ങള്‍ വിലയിരുത്തി വേണം അടുത്ത സീസണില്‍ ഒരുക്കേണ്ട സുരക്ഷയെക്കുറിച്ച് തീരുമാനമെടുക്കാനെന്നും ബെഹ്‌റ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ശബരിമല കര്‍മസമിതി ഇന്ന് സംസ്ഥാനവ്യാപകമായി മാര്‍ച്ച് നടത്തും. നിലയ്ക്കലും പമ്പയിലുമുള്ള പൊലീസ് സ്റ്റേഷനുകളിലേയ്ക്കും മാര്‍ച്ച് നടക്കാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസവും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തുമെന്ന് യുവമോര്‍ച്ച നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇന്നലെയും ബിജെപി നേതാക്കള്‍ നിലയ്ക്കലില്‍ പ്രതിഷേധം നടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.