ശബരിമല ദർശനത്തിനെത്തിയ മഞ്ജു പമ്പയിൽ നിന്നു മടങ്ങി; ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് മഞ്ജു

ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശി മഞ്ജു മടങ്ങി. ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

എന്നാൽ ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നു മഞ്ജു പറഞ്ഞു. നാളെയോ മറ്റന്നാളോ മല കയറാൻ എത്തും. പമ്പയിൽ സൗകര്യങ്ങൾ കുറവായതു കൊണ്ടാണ് ഇപ്പോൾ മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞു.

ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. വലിയ ഭക്തജനത്തിരക്കുള്ള സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും മഞ്ജു ആദ്യം പിൻമാറാൻ തയ്യാറായില്ല. തുടർന്ന് മ‌ഞ്ജു നൽകിയ വിവരങ്ങൾ പരിശോധിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റ സഹായത്തോടെ അവരുടെ പൊതുപ്രവർത്തന പശ്ചാത്തലം പരിശോധിച്ചു. ദീർഘകാലമായി ദളിത് സംഘടനാ പ്രവർത്തനത്തിൽ സജീവമായ മഞ്ജുവിന്‍റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് മനസിലാക്കിയിരുന്നു. തൽക്കാലം പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്താൻ ഇതും കാരണമായി. സമരങ്ങളിൽ പങ്കെടുത്തതിന്‍റെ ഭാഗമായി വന്നവയാണ് ഈ കേസുകൾ. കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞതിന് ശേഷമേ മ‌ഞ്ജുവിന് സുരക്ഷ നൽകുന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കൂ എന്നും അറിയിച്ചിരുന്നു.

 വലിയ നടപ്പന്തലിന് സമീപം യുവതിയെ തടയാൻ പ്രതിഷേധക്കാർ സംഘടിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാത തുടങ്ങുന്ന ഭാഗത്തുതന്നെ പ്രതിഷേധക്കാർ സംഘടിച്ചു. ഈ സാഹചര്യത്തിൽ മഞ്ജുവിന് സുരക്ഷയൊരുക്കിയുള്ള മലകയറ്റം സാധ്യമല്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്. പ്രതിഷേധിക്കാൻ എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.