ശബരിമല സ്ത്രീപ്രവേശനം: ബിജെപി-സംഘപരിവാര്‍ സംഘടനകൾക്ക് കനത്ത തിരിച്ചടി; ദർശനത്തിനെത്തുന്ന യുവതികൾക്ക് സംസ്ഥാനം സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ബിജെപി സർക്കാർ

തിരുവനന്തപുരം: ശബരിമല സന്ദർശിക്കാന്‍ ആഗ്രഹിക്കുന്ന യുവതികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർ‌ക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സംസ്ഥാന സർക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിനെതിനെ ബിജെപി-സംഘപരിവാര്‍ സംഘടനകൾ സംസ്ഥാനത്ത് അക്രമാസക്തമായ സമരങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിർദ്ദേശം. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ആവശ്യമായത് ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല ക്ഷേത്രം സന്ദർശിക്കാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ശബരിമല സന്ദർശിക്കാനെത്തിയ ഏതെങ്കിലും സ്ത്രീയെ തടയുകയാണെങ്കിൽ അത് വ്യക്തമായ കോടതിയലക്ഷ്യമായിരിക്കുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാലത്തെ ബിജെപി-സംഘപരിവാര്‍ സംഘടനകളെ വെട്ടിലാക്കിയിരിക്കൂകയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലാണ് ബിജെപി-സംഘപരിവാര്‍ സംഘടനകൾ. യുവതികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർ‌ക്കാർ കര്‍ശന നിർദ്ദേശം നല്‍കിയതോടെ എങ്ങനെ പ്രതികരിക്കും എന്ന ആശയക്കു‍ഴപ്പത്തിലാണ് ബിജെപി-സംഘപരിവാര്‍ സംഘടനകൾ

അതെസമയം ശബരിമലയുടെ പരിസരപ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ച് ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം ശബരിമലയിലെത്തിയ സ്ത്രീകളെ ഇവർ തടഞ്ഞിരുന്നു. ഇന്ന് ശബരിമലയിൽ റിപ്പോർട്ടിങ്ങിനെത്തിയ ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകയെയും മല കയറുന്നതിൽ നിന്നും തടഞ്ഞിരുന്നു.