ഇന്ത്യയുടെ മിന്നലാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ

ഇസ്ളാമാബാദ്: ഇന്ത്യയുടെ മിന്നലാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. ഭാവിയിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയാൽ അത്തരത്തിലുള്ള ഓരോ മിന്നലാക്രമണത്തിനും പത്ത് മിന്നലാക്രമണങ്ങൾ തിരിച്ചടിയായി നൽകുമെന്ന് പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വയ്ക്കൊപ്പം ലണ്ടൻ സന്ദർശിക്കുമ്പോഴാണ് ഗഫൂർ ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഇനിയൊരു മിന്നലാക്രമണമുണ്ടായാൽ അത് പത്തായി ഇന്ത്യയ്ക്ക് തിരിച്ച് നൽകും. പാകിസ്ഥാനെതിരെ അതിസാഹസത്തിന് ശ്രമിക്കുന്നവർക്ക് തങ്ങളുടെ ശേഷിയെ കുറിച്ച് യാതൊരു സംശയവും വേണ്ട – ആസിഫ് ഗഫൂർ പറഞ്ഞു.

ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാന്പത്തിക ഇടനാഴിയുടെ ഉത്തരവാദിത്തം പാകിസ്ഥാന് തന്നെയാണ്. ഈ മെഗാപദ്ധതിയിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്നും ഗഫൂർ പറഞ്ഞു.

പാകിസ്ഥാനിൽ ജനാധിപത്യം ശക്തിപ്പെടണമെന്നാണ് സൈന്യം ആഗ്രഹിക്കുന്നത്. ജൂലായിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് പാകിസ്ഥാന്റെ ചരിത്രത്തിൽ നടന്നതിൽ വച്ചേറ്റവും സുതാര്യമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രമക്കേട് നടന്നതിന് തെളിവുണ്ടെങ്കിൽ അത് സർക്കാരിന് നൽകണമെന്നും ഗഫൂർ പറഞ്ഞു.