മോഹന്‍ലാലിന്റെ മെക്കിട്ട് കേറാന്‍ അനുവദിക്കില്ല; ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ട

കൊച്ചി: ‘അമ്മ’ സംഘടനയ്‌ക്കെതിരായ ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ അമ്മയില്‍ നിന്ന് അകറ്റാനുള്ള അജണ്ടയാണ് ഡബ്ല്യുസിസിക്കെന്നും, മോഹന്‍ലാലിന്റെ മെക്കിട്ട് കേറാന്‍ അനുവദിക്കില്ലെന്നും ബാബുരാജ് പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാബുരാജ് വ്യക്തമാക്കി.

ഡബ്ല്യുസിസിക്ക് ഇതില്‍ വ്യക്തമായി അജണ്ടയുണ്ട്. ആ കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ എന്ത് തെറ്റാണുള്ളത്. ഡോക്ടറെ ഡോക്ടറെന്ന് വിളിക്കുന്നതില്‍ കുഴപ്പമുണ്ടോ? ലാലേട്ടന്റെ മെക്കിട്ട് എന്തും പറഞ്ഞു കേറാം എന്നത് തെറ്റായ കാര്യമാണ്. അമ്മ സംഘടനയുടെ പ്രസിഡന്റായിപ്പോയി എന്നുള്ളതാണോ അദ്ദേഹത്തിന്റെ തെറ്റ്? മോഹന്‍ലാലിനെ അയാള്‍ എന്നൊക്കെയാണ് അവര്‍ പറഞ്ഞത് അത് വളരെ തെറ്റാണ്, ബാബുരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന ആരോപണം ബാബുരാജ് നിഷേധിച്ചു. ആ കുട്ടിയെ പിന്തുണച്ചാണ് താന്‍ സംസാരിച്ചത്. പക്ഷെ അത് പോലും തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ വിഷമമുണ്ട്. ഒരു പക്ഷെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥം പാര്‍വ്വതിക്ക് അറിയാത്തതുകൊണ്ടായിരിക്കും. ഇനി സംഘടനയില്‍ നിന്നുകൊണ്ട് മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, കാരണം നാലോ അഞ്ചോ പേര്‍ക്ക് വേണ്ടി 400 ഓളം പേര്‍ സഹിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബാബുരാജ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്കും അറിയാം. അത് ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് വെച്ച് മാര്‍ക്കറ്റ് ചെയ്യാനോ, ഞങ്ങളുടെ സംഘടനയെ വലുതാക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ബഹുഭൂരിപക്ഷം ആള്‍ക്കാരും ആ കുട്ടിക്ക് വേണ്ടി ചങ്ക് കൊടുക്കാനും തയ്യാറാണ്. അല്ലാതെ ഡബ്ല്യുസിസി പറയുന്നത് പോലെ പ്രഹസനങ്ങളല്ല, ബാബുരാജ് കൂട്ടിച്ചേര്‍ത്തു.