സംവിധായകനെതിരെ “മീ ടൂ’ ആരോപണം; “ഹൗസ് ഫുൾ-4′ -ൽ നിന്ന് നടൻ അക്ഷയ്കുമാർ പിന്മാറി

മുംബൈ: സംവിധായകൻ സജിദ് ഖാനെതിരെ “മീ ടൂ’ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ “ഹൗസ് ഫുൾ-4′ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിൽ നിന്ന് നടൻ അക്ഷയ്കുമാർ പിന്മാറി. താൻ വിദേശത്തായിരുന്നുവെന്നും തിരികെയത്തിയപ്പോഴാണ് വാർത്തകളിൽ നിന്ന് “മീ ടൂ’ കാമ്പെയ്നെക്കുറിച്ചും ചിത്രത്തിന്‍റെ സംവിധായകനേക്കുറിച്ചും വിശദമായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അറിഞ്ഞതത്രയും വേദനിപ്പിക്കുന്ന വാർത്തകളാണെന്നും അതിനാൽ ആരോപണത്തേക്കുറിച്ച് അന്വേഷണം നടന്ന് നിജസ്ഥിതി പുറത്തു വരുന്നതുവരെ ചിത്രീകരണത്തിൽ പങ്കെടുക്കില്ലെന്നുമാണ് അക്ഷയ് കുമാർ വ്യക്തമാക്കിയത്. ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട നടൻ ഇത്തരം സംഭവങ്ങളിലെ ഇരകൾക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു. മീ ടൂ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും “ഹൗസ്ഫുൾ’ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം തന്നെ ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കണമെന്നും അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിൾ ഖന്നയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.