അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി പൃഥ്വി ഷാ

രാജ്കോട്ട്: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്ക് അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് പൃഥ്വി കന്നി സെഞ്ചുറി കുതിച്ചത്.

99 പന്തിൽ 15 ബൗണ്ടറികളുടെ സഹായത്തോടെ മുംബൈ താരം സെഞ്ചുറി പൂർത്തിയാക്കി. ഒടുവിൽ റിപ്പോർട്ട് ലഭിക്കുന്പോൾ ഇന്ത്യ 182/1 എന്ന ശക്തമായ നിലയിലാണ്. 74 റണ്‍സുമായി ചേതേശ്വർ പൂജാരയാണ് ഷായ്ക്കൊപ്പം ക്രീസിൽ.

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് പൃഥ്വി ഷാ. ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് സെഞ്ചുറി നേട്ടക്കാരിൽ ഏഴാം സ്ഥാനത്ത് വരാനും പൃഥ്വി ഷായ്ക്ക് കഴിഞ്ഞു.

മുഹമ്മദ് അഷ്റഫുൾ, മുഷ്താഖ് മുഹമ്മദ്, സച്ചിൻ തെൻഡുൽക്കർ, ഹാമിൽട്ടണ്‍ മാസകട്സ, ഇമ്രാൻ നസീർ, സലിം മാലിക്ക് എന്നിവർക്ക് പിന്നിലാണ് ഈ പട്ടികയിൽ പൃഥ്വി ഷായുടെ സ്ഥാനം. പട്ടികയിലെ ഇന്ത്യക്കാരിൽ സച്ചിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഷാ.

ടെസ്റ്റിൽ മോശം ഫോമിലുള്ള ശിഖർ ധവാന് പകരക്കാരനായാണ് പൃഥ്വി ഷാ ടീമിലെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ ഷായെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അന്തിമ ഇലവനിൽ സ്ഥാനം നേടാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്നതോടെ സെലക്ടർമാർ വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയിൽ ഷായ്ക്ക് അവസരം നൽകുകയായിരുന്നു.