പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു

80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ല്‍ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

നടന്‍ മോഹന്‍ലാലിന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടി കൊടുത്ത രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടിയും സുരേഷ് ഗോപിയും, മുകേഷും അടക്കമുള്ളവരും അദ്ദേഹത്തിന്റെ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചു.

2004-ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.