ഉണരൂ ജനങ്ങളേ…. കമലിന്റെ ആഹ്വാനം

ചെന്നൈ: അഴിമതിക്കെതിരെ ഉണരണമെന്ന് നടന്‍ കമല്‍ഹാസന്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് പറഞ്ഞു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെ കൊള്ള നടത്തുമ്പോള്‍ വിധിയെഴുത്തിനുള്ള അവകാശം ജനങ്ങളില്‍ നിക്ഷിപ്തമാണെന്നും അതിനാല്‍ ജനം വിധികര്‍ത്താക്കളാകണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

എഡിഎംകെ നേതാവ് ശശികലയുടെയും ബന്ധുക്കളുടെയും വീടുകളില്‍ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ 1430 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകിട്ടിയതിന് പിന്നാലെയാണ് കമല്‍ഹാസന്റെ ട്വീറ്റ്.

‘തെറ്റ് ചെയ്യുന്നത് കുറ്റമാണ്. കള്ളത്തരം വെളിച്ചത്തായതിനുശേഷവും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമല്ലേ? പരീക്ഷ ആരംഭിച്ചുകഴിഞ്ഞു. കുറ്റവാളികള്‍ അധികാരം കയ്യാളരുത്. ജനങ്ങള്‍ വിധികര്‍ത്താക്കളായി മാറണം. ഉണരൂ,ഉയിര്‍ത്തെഴുന്നേല്‍ക്കൂ’-കമല്‍ഹാസന്‍ ആഹ്വാനം ചെയ്തു.