ലൈംഗികാതിക്രമ പരാതി: സിപിഐഎം അന്വേഷണ കമ്മീഷന്‍ പികെ ശശിയുടെ മൊഴിയെടുത്തു; അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വൈഎഫ്ഐ വനിത നേതാവിന്റെ പീഡന പരാതിയില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുക്കല്‍ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ചിരുന്നു. പികെ ശശിയുടെ മൊഴി കൂടി എടുത്തതോടെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നു.

വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. പി കെ ശശിക്കെതിരായ നടപടി ശുപാര്‍ശയടക്കമായിരിക്കും അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി എകെ ബാലനും പികെ ശ്രീമതിയുമാണ് പീഡനപരാതിയിലെ രണ്ടംഗ അന്വേഷണ കമ്മീഷന്‍. നേരത്തെ പാലക്കാടെത്തി പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ എടുത്തിരുന്നു. രണ്ട് തവണ മൊഴിയെടുത്ത കമ്മീഷന് യുവതി തെളിവ് കൈമാറുകയും ചെയ്തു.