കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാർക്കോഴക്കേസിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ്. പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ ആരോപണമാണ് വിജിലൻസ് അന്വേഷണത്തിലേക്ക് നയിച്ചത്.

ഇത്രയധികം സ്വാധീനങ്ങൾ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാൻ കഴിഞ്ഞില്ല. കോടതി വിധിയിൽ തനിക്ക് വലിയ ചാരിതാർഥ്യമുണ്ട്. കേസിൽ സർക്കാർ അഭിഭാഷകൻ പോലും മാണിക്ക് വേണ്ടിയാണ് കോടതിയിൽ വാദിച്ചത്. എന്നിട്ടും മാണിക്ക് അനുകൂലമായ റിപ്പോർട്ട് തള്ളിയെങ്കിൽ കുറ്റം കോടതിക്കും ബോധ്യപ്പെട്ടു കാണുമെന്നും ബിജു രമേശ് പറഞ്ഞു.