ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഒരു തരത്തിലും ദു:ഖിക്കേണ്ടതില്ല. പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്കാണ് ലഭിച്ചത്. അത് പൊലീസിന് കൈമാറേണ്ട കാര്യമില്ല. പൊലീസിന് നല്‍കാനുള്ള പരാതി പൊലീസിന് നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ, കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.