കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റാന്‍ നീക്കങ്ങള്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റാന്‍ നീക്കങ്ങള്‍ ശക്തമാകുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വീഴ്ച വരുത്തി എന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മേയര്‍, ഡെപ്യുട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകും. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച സംബന്ധിച്ച് പാര്‍ട്ടിക്കകത്തും പുറത്തും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജെയിനെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്. രണ്ടര വര്‍ഷത്തെ പങ്ക് വ്യവസ്ഥയിലായിരുന്നു യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ആരംഭിച്ചത്. ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയായിട്ടും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ മാറ്റം വരുത്താത്തതിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ് ഡിസിസി പ്രസിഡന്റായതോടെ സ്ഥാനമാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചിരിന്നുവെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുമെന്ന ഭയത്തെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അടുത്തകാലത്തായി സൗമിനി ജെയിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം പടരാന്‍ ഇടയാക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് അടിയന്തിര സ്ഥാനമാറ്റത്തിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ബെന്നി ബെഹനാന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എ ഗ്രൂപ്പിലെ ഷൈനി മാത്യുവാണ് മേയര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതില്‍ മുന്‍പന്തിയില്‍. അഡ്വ. മിനിമോള്‍, ഗ്രേസി ജോസഫ് എന്നിവരുടെ പേരുകളും പരിഗണനയില്‍ ഉണ്ട്.  ഇന്ന് നടക്കുന്ന നിര്‍ണായക യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.