ശാന്തിഗിരിയില്‍ നവപൂജിതം പ്രാര്‍ത്ഥനാദിനമായി ആചരിച്ചു

പോത്തന്‍കോട്: നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ തൊണ്ണൂറ്റി രണ്ടാമത് ജന്മദിനമായ നവപൂജിതം ശാന്തിഗിരിയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. കേരളം അനുഭവിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് നവപൂജിത സമര്‍പ്പണം നടന്നത്. നവപൂജിതത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആഘോഷങ്ങള്‍ക്കായി വകയിരുത്തിയ തുക കേരളത്തിലെ ദുരിതബാധിതരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു. ഇന്നലെ രാവിലെ അഞ്ചിന് സന്യാസി സന്യാസിന്മാരും ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരികളും ഭക്തരും പങ്കെടുത്ത പുഷ്പാഞ്ജലിടോടെയാണ് നവപൂജിത പ്രാര്‍ത്ഥനാചടങ്ങുകള്‍ ആരംഭിച്ചത്. സുപ്രഭാതത്തിന്റെ ശീതളിമയില്‍ ഗുരുമഹിമകൂടിലയിച്ച് ചേര്‍ന്നപ്പോള്‍ ആശ്രമാന്തരീക്ഷം ഭക്തിസാന്ദ്രമായി. കുളിച്ച് ശുദ്ധരായി താമരപര്‍ണ്ണശാലയിലെത്തിയ നൂറുകണക്കിന് ആത്മബന്ധുക്കളുടെ ചുണ്ടുകള്‍ അഖണ്ഡനാമജപത്താല്‍ ചലിച്ചുകൊണ്ടിരുന്നു. മനസ്സുകള്‍ ഗുരുസ്മരണയാല്‍ സ്പന്ദിച്ചുകൊണ്ടിരുന്നു. രാവിലെ ആറിന് നടന്ന ആരാധനാനേരം പര്‍ണ്ണശാലയിലെ മാസ്മരമണിനാദത്തോടൊപ്പം ഓങ്കാര ധ്വനിയും ഗുരുനാമവും ലയിച്ചുചേര്‍ന്നുകൊണ്ടിരുന്നു. ആരാധനക്ക് ശേഷം ധ്വജാരോഹണം നടന്നു.

ഉച്ചക്ക് നടന്ന ഗുരുദര്‍ശനത്തിലും ഗുരുപാദവന്ദനത്തിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നിരവധിപേര്‍ പങ്കെടുത്തു. അവര്‍ ഗുരുപാദങ്ങളില്‍ അനന്തമായ കൂറോടെ സ്‌നേഹവും ആത്മസമര്‍പ്പണവും നടത്തി.

വൈകുന്നേരം ആറിന് ദീപപ്രദക്ഷിണം നടന്നു. പ്രദക്ഷിണ വേളയില്‍ വൃതശുദ്ധിയോടെ മനസും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രങ്ങള്‍ പഞ്ചവാദ്യ നാഗസ്വര മേളങ്ങള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥനാ മണ്ഡപത്തിന് ചുറ്റും നൂറുകണക്കിന് ഭക്തര്‍ കൈത്തലത്തില്‍ ദീപങ്ങള്‍ ഏന്തി നിരന്നപ്പോള്‍ പകലുംരാവും ലയിച്ചുചേരുന്ന സന്ധ്യയില്‍ ആശ്രമപരിസരം ദീപപ്രഭയാല്‍ നിറഞ്ഞു. ഒപ്പം ആശ്രമാന്തരീക്ഷം പുകയുന്ന ചന്ദനത്തിരികളുടെ സുഗന്ധപൂരിതവുമായി. സെപ്തംബര്‍ 20 ന് പൂര്‍ണ കുംഭമേള നടക്കും.