കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം; നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം നിയസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യത ഉള്ളവരാണ് നിയമസഭാ സാമാജികര്‍. എന്നാല്‍ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും പരാതിക്കാരിക്കെതിരെ ഉണ്ടായ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമാണ്.

സമൂഹത്തില്‍ ആകെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് എന്നും സ്പീക്കര്‍ പറഞ്ഞു. ശക്തമായ അധികാരങ്ങള്‍ ഉള്ള സമിതിയാണ് എത്തിക്‌സ് കമ്മിറ്റി എന്നും റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി ആലോചിക്കും എന്നും സ്പീക്കര്‍ വ്യക്തമാക്കി.