മൂന്ന് വർഷം മുൻപ് സൂക്ഷിച്ച അണ്ഡത്തിലൂടെ ഇരട്ടകളെ ഗർഭം ധരിച്ച്

മുംബയ്: മൂന്നു വർഷം മുൻപ് പരീക്ഷശാലയിൽ സൂക്ഷിച്ച തന്റെ അണ്ഡത്തിൽ നിന്ന് ഇരട്ട കുട്ടികളെ ഗർഭം ധരിച്ച് മുൻ മിസ് ഇന്ത്യ ഡയാന ഹെയ്ഡൻ. വന്ധ്യതാ പ്രശ്നങ്ങളെ നൂതന ചികിത്സാരീതികളുടെ വൈദ്യശാസ്ത്രം ചെറുത്തു തോൽപ്പിച്ചെന്ന് തെളിയിക്കുന്നതാണ് ഹെയ്ഡന്റെ ഗർഭധാരണം നൽകുന്ന സന്ദേശം. കഴിഞ്ഞ ജനുവരിയിൽ ആദ്യ കുഞ്ഞിന് ഡയാന ജന്മം നൽകിയതും എട്ടു വർഷം മുൻപ് സൂക്ഷിച്ചുവച്ച തന്റെ അണ്ഡം ഉപയോഗിച്ചാണ്. മുംബയിലെ പരീക്ഷണശാലയിലാണ് ഹെയ്ഡൻ അണ്ഡം സൂക്ഷിച്ചത്.

ബീജ ബാങ്കുകളെ പോലെ സ്ത്രീകളുടെ അണ്ഡവും പരീക്ഷണശാലയിൽ സൂക്ഷിച്ച് ആവശ്യമുള്ളപ്പോൾ ഗർഭം ധരിക്കാൻ സാധിക്കും. എന്നാൽ പത്തു വർഷം മുൻപു വരെ ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ തീർത്തും അപ്രാപ്യമായിരുന്നു. എന്നാൽ നൂതന സാങ്കേതിക വിദ്യ ഇത്തരം പ്രശ്നങ്ങളെ തോൽപ്പിച്ചതായി ഡയാനയെ ചികിത്സിച്ച ഡോക്ടർമാ‌ർ വ്യക്തമാക്കുന്നു. ഗർഭാശയത്തിനു പുറത്തുവച്ച് ബീജസങ്കലനം നടത്തി ഗർഭം ധരിക്കുന്ന ഐ.വി.എഫ് ചികിത്സാരീതി ഇന്ന് ഏറെ പ്രചാരത്തിൽ എത്തിക്കഴിഞ്ഞു.

35 വയസിനകത്ത് പ്രായമുള്ള ആയിരക്കണക്കിന് സ്ത്രീകൾ ഇത്തരത്തിൽ അണ്ഡം പരീക്ഷണശാലകളിൽ ശീതീകരിച്ച് വച്ചിരിക്കുകയാണ്. വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവരും അനുയോജ്യമായ പങ്കാളിയെ ലഭിക്കാത്തവരുമാണ് ഇവരിൽ ഏറെയും. ഐ.വി.എഫ് ശസ്ത്രക്രിയകളിൽ 90% വിജയമാണ്.
– ശസ്ത്രക്രിയയ്ക്കു പിന്നിലെ ഡോക്ടർമാർ

അണ്ഡ ശീതീകരണം എന്തിന്
ഗർഭധാരണം വൈകിപ്പിക്കുന്നതിന്
രോഗാവസ്ഥയിൽ

അനുയോജ്യമായ സമയം
30 വയസാണ് അനുയോജ്യമായ പ്രായം
38 വരെ സ്വീകാര്യം

ശീതീകരണം എങ്ങനെ?
അണ്ഡത്തിൽ ജലത്തിന്റെ അളവ് കൂടുതലായതിനാൽ ശീതീകരണം പ്രയാസം
ശീതീകരിക്കുമ്പോൾ അകത്തെ ജലാംശം കട്ടയാകുന്നത് ഗുണത്തെ ബാധിച്ചേക്കും
എന്നാൽ വിട്രിഫിക്കേഷൻ (ധ്രുതഗതിയിലുള്ള ശീതീകരണം) ഈ പ്രശ്നത്തെ തടയും

ചെലവ്
അണ്ഡ ശീതീകരണത്തിന് മാത്രം – 50,000 രൂപ
(മുംബയിലെ വന്ധ്യതാ ക്ലിനിക്കുകളിൽ)

എത്ര നാൾ?
-195 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 10 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം
ഗർഭധാരണം വിജയകരമാകാൻ 10 എണ്ണം വരെ സൂക്ഷിക്കുന്നതാണ് അനുയോജ്യം

ശീതീകരണരീതി
കൂടുതൽ അണ്ഡോത്പാദനത്തിനായി 10-14 ദിവസം വരെ ഹോർമോൺ ചികിത്സ
അണ്ഡം പ്രായമാകുമ്പോൾ അവ അണ്‌ഡാശയത്തിൽ നിന്ന് നീക്കുന്നു
എത്ര നാളത്തേക്കെന്ന ആവശ്യാനുസരണം ഉടൻ ശീതീകരിക്കുന്നു
ഗർഭധാരണത്തിന് സമയമാകുമ്പോൾ പരീക്ഷണശാലയിൽ വച്ച് ബീജസങ്കലനം നടത്തി ഗർഭപാത്രത്തിൽ കുത്തിവയ്ക്കുന്നു

ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ശീതീകരിച്ച അണ്ഡങ്ങളിൽ നിന്ന് ജനിക്കുന്നത്. കൂടുതലും മാസങ്ങൾ കാത്തുവച്ചവയിൽ നിന്നാണ്. എന്നാൽ യാതൊരുവിധ ക്രോമസോം വൈകല്യങ്ങളുമില്ലെന്നത് മറ്റൊരു വിജയം.