ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കും. നടൻ ദിലീപ് എട്ടാം പ്രതിയാകും. അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പടെ 11 പ്രതികൾ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഢാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേരുകൾ മാത്രമാണ് ഉള്ളത്.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. എന്നാൽ കുറ്റപത്രം അഴിച്ചു പണിയേണ്ടി വരുമെന്നതിനാൽ എട്ടാം പ്രതിയാക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകൾ തേടി അന്വേഷണസംഘം ദിലീപിനേയും സഹോദരൻ അനൂപിനേയും ചോദ്യം ചെയ്‌തിരുന്നു. ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ചുവെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടും. പൾസർ സുനി മൊബൈൽ ഫോൺ കൈമാറിയ അഡ്വക്കേറ്റ് പ്രതീഷ്‌ ചാക്കോ, ഇയാളുടെ ജൂനിയറും ഫോൺ നശിപ്പിച്ചെന്ന് മൊഴി നൽകിയ അ‌‌ഡ്വ. രാജു ജോസഫ്, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, സംവിധായകൻ നാദിർഷാ എന്നിവരെ പലവട്ടം ചോദ്യംചെയ്തിട്ടും പ്രധാന തൊണ്ടിമുതലായ ഫോൺ കണ്ടെടുക്കാനായില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയെടുത്തിരുന്നു. അഡ്മിറ്റ് ആയില്ലെന്നാണ് ഇവർ മൊഴി നൽകിയത്.

മാത്രമല്ല വിദേശയാത്രയ്‌ക്ക് അനുമതി ചോദിച്ചുകൊണ്ടുള്ള നടന്റെ ഹർജി എതിർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിരവധി സാക്ഷികൾ ഇതിനോടകം തന്നെ സ്വാധീനിക്കപ്പെട്ടു കഴിഞ്ഞെന്നും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പൊലീസ് കോടതിയെ ബോധിപ്പിക്കും. ‘ദേ പുട്ട്’ എന്ന തന്റെ ഹോട്ടൽ ശൃംഖലയുടെ ദുബായിലെ പുതിയ സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനും പ്രചരണത്തിനുമാണ് വിദേശയാത്രാ അനുമതിയ്‌ക്കായി ദിലീപ് കോടതിയെ സമീപിച്ചത്.