ഓപ്പറേഷന്‍ ജലരക്ഷ -2 ; പ്രളയബാധിതര്‍ക്ക് പൊലീസിന്റെ കൈത്താങ്ങ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് പൊലീസിന്റെ കാവലും കൈത്താങ്ങും.ദുരിതത്തിലായവരുടെ സുരക്ഷക്കും വീടുകളിലേയ്ക്കുള്ള തിരിച്ചുപോക്കിലും പോലീസിന്റെ സംരക്ഷണം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഓപ്പറേഷന്‍ ജലരക്ഷ -2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെടെ 30,000 പേരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കായി വനിതാ പോലീസുകാരെയും നിയമിക്കും. ലോക്കല്‍ പോലീസിന് പുറമെ എ.പി. ബറ്റാലിയന്‍. വനിതാ ബറ്റാലിയന്‍, ആര്‍.ആര്‍.എഫ്, തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ വീടുകളുടെ ശുചീകരണത്തിനും മറ്റും നിയോഗിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം ഗതാഗത തടസ്സം മാറ്റുക, വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തകര്‍ന്ന റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും എസ്. എച്ച്. ഒ മാരുടെ നേതൃത്യത്തില്‍ ലോക്കല്‍ പോലീസ് നടത്തും.
മൂന്ന് കുടുംബത്തിന്റെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പോലീസ് പത്തുകോടി രൂപ സമാഹരിച്ച് നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.