കേരളത്തിലെ പ്രളയം ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തം; കേന്ദ്രപ്രഖ്യാപനം വന്നതോടെ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകും

കേരളത്തിലെ പ്രളയത്തെ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകും.

കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രതയും വ്യാപ്തിയും പരിഗണിച്ച് ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 247 പേര്‍ മരിക്കുകയും 17343 വീടുകള്‍ തകര്‍ന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രളയം സ്വഭാവമുള്ള പ്രകൃതിദുരന്തമാണെന്ന് വ്യക്തമാക്കി  രാജ്യസഭാ സെക്രട്ടറിയറ്റിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

ഇതെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. ഒരു ദുരന്ത നിവാരണ ഫണ്ട് (സിആര്‍എഫ്)രൂപീകരിക്കും. ഇതില്‍ 3:1 എന്ന നിലയിലാവും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം. ഈ ഫണ്ടിലുള്ള തുക അപര്യാപ്തമായി വന്നാല്‍ ആകസ്മിക സഹാചര്യങ്ങളെ നേരിടാനുള്ള ദേശീയ ദുരന്ത ഫണ്ടില്‍ (എന്‍സിസിഎഫ്) നിന്ന് കൂടുതല്‍ തുക അനുവദിക്കും.