അല്ലയോ മഹാരാജാവേ നിലവറയിലെ ഒരംശം പ്രജകൾക്ക് വിട്ടുനൽകുക; പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ദുരിതാശ്വാസത്തിന് നൽകണമെന്നാവശ്യം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ദുരിതാശ്വാസത്തിന് നൽകണമെന്നാവിശ്യം. കേരളം ഒന്നാകെ പ്രളയത്തിൽ മുങ്ങിത്താഴുന്ന ഈ അവസരത്തിൽ തിരുവനന്തപുരം രാജ വംശത്തോട് എനിയ്ക്കപേക്ഷിയ്ക്കാനുള്ളത് ഇതാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഈ ആവശ്യം വൈറൽ ആകുകയാണ്. കൊച്ചി രാജകുടുംബാംഗം നിരഞ്ജന വർമ്മയുടെ പോസ്റ്റ് ആണ് വൈറലാകുന്നത്. ഷൊറണ്ണൂർ -കൊച്ചിൻ റെയിൽവേ പാളം നിർമിക്കുന്നതിന് ബ്രിട്ടീഷുകാർ പണം നൽകാൻ വിസമ്മതിച്ചപ്പോൾ ഒഴിഞ്ഞ വലിയ തമ്പുരാൻ എന്നറിയപ്പെടുന്ന ശ്രീ.രാമവർമ്മ കുഞ്ഞിക്കിടാവ് തമ്പുരാൻ രാജകുടുംബത്തിലെ പണം മുടക്കി പാലം നിർമ്മിച്ചിരുന്നെന്നും പോസ്റ്റിൽ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

ഷൊറണ്ണൂർ -കൊച്ചിൻ റെയിൽവേ പാളമിടുന്നതിന് ബ്രിട്ടീഷുകാർ പൈസ തരാൻ വിസമ്മതിച്ചപ്പോൾ കൊച്ചി രാജവംശത്തിലെ പെൺവഴി തമ്പുരാക്കന്മാർക്കുള്ള ആഭരണങ്ങളിൽ താവഴിക്ക് ഒരു സെറ്റ് ആഭരണം മാത്രം നിർത്തി മറ്റുള്ളവയും ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ 15 ആനകളുടെ സുവർണ്ണ നെറ്റിപ്പട്ടങ്ങളിൽ 14ലും ഉരുക്കി, പാളമിടാനുള്ള പണം കണ്ടെത്തിയ ഒരു മഹാനായ മഹാരാജാവ് കൊച്ചിക്കുണ്ടായിരുന്നു. ഒഴിഞ്ഞ വലിയ തമ്പുരാൻ അഥവാ Ex- Highness എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ.രാമവർമ്മ കുഞ്ഞിക്കിടാവ് തമ്പുരാൻ! ഈ കർമ്മം നിർവ്വഹിക്കുന്നതിനു മുൻപ് 41 ദിവസം വ്രതമിരിയ്ക്കുകയും വ്രതമൊടുവിൽ “ശ്രീ പൂർണ്ണത്രയീശാ! ഞാൻ ചെയ്യുന്നത് അപരാധമെങ്കിൽ ഈ അജ്ഞാനത്തിന് നീ എന്നെ മാത്രം ശിക്ഷിക്കുക! എന്റെ പ്രജകളെ വെറുതേ വിടണേ!!!” എന്ന് തൃപ്പൂണിത്തുറയപ്പനോട് കൈകൂപ്പിയാചിച്ചത് എന്റെ മുത്തശ്ശിയമ്മ (അമ്മൂമ്മയുടെ അമ്മ- മുത്തശ്ശിയമ്മയുടെ അച്ഛനായിരുന്നു ഇദ്ദേഹം) പലകുറി ഞങ്ങൾ കുട്ടികൾക്ക് അഭിമാനത്തോടെ പറഞ്ഞു തന്നിട്ടുണ്ട്‌. ആ ജനകീയ രാജാവിന്റെ പിൻതുടർച്ചക്കാരിയായിരിയ്ക്കുന്നതിൽ ഈയുള്ളവൾക്കും അഭിമാനമുണ്ട്.

കേരളം ഒന്നാകെ പ്രളയത്തിൽ മുങ്ങിത്താഴുന്ന ഈ അവസരത്തിൽ തിരുവനന്തപുരം രാജ വംശത്തോട് എനിയ്ക്കപേക്ഷിയ്ക്കാനുള്ളത് ഇതാണ്:

” ശ്രീ പത്മനാഭദാസനായ അല്ലയോ മഹാരാജാവേ, അവിടുന്ന് വ്രതമെടുക്കുക. നിധികൾ നിറഞ്ഞ ആ ക്ഷേത്ര നിലവറയിലെ സമ്പത്തിന്റെ ഒരംശമെങ്കിലും പ്രജകൾക്ക് വിട്ടുനൽകുക. ഈ പ്രളയത്തെ അതിജീവിയ്ക്കാനുള്ള കരുത്ത് നമുക്കുണ്ടാവട്ടെ. അതുമൂലം അവിടുത്തേയ്ക്കും കുടുംബാംഗങ്ങൾക്കും നല്ലതുമാത്രമേ വരൂ. ഇത് ആരുമാരുമല്ലാത്ത എന്റെ അപേക്ഷയാണ്!🙏🏼”

സുഹൃത്തുക്കളെ, ഇത് പരമാവധി ഷെയർ ചെയ്യൂ………..