മൂന്ന് ഗോളടിച്ചിട്ടും ആഘോഷിച്ചില്ല; ഗ്യാലറിയില്‍ ദുരിതാശ്വാസ പിരിവെടുത്ത് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങള്‍

കൊല്‍ക്കത്ത: പ്രളയം മൂലം ദുരിതത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ ലോകം മുഴുവന്‍ കൈകോര്‍ത്തു നില്‍ക്കുന്ന വേളയിലും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ആ മിടുക്കര്‍ മറന്നില്ല. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിന്‍, ഉബൈദ് സി.കെ , മിര്‍ഷാദ് എന്നിവരാണ് ഗാലറിയില്‍ നിന്നിരുന്ന ആരാധകരുടെ അടുത്തേക്ക് ചെന്ന് കേരളത്തിനായി തുക സമാഹരിച്ചത്.

ഇവര്‍ പണം പിരിക്കുന്നതിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉടന്‍ തന്നെ വന്‍ അഭിനന്ദന പ്രവാഹമാണ് ഇവരെ തേടിയെത്തിയത്. കൊല്‍ക്കത്ത ഫുട്‌ബോല്‍ ലീഗില്‍ ആര്യന്‍ ക്ലബിനെതിരായ മത്സരത്തില്‍ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ വിജയികളായത്. കേരളത്തിനായി തുക സമാഹരിച്ച താരങ്ങളെ സുഹൃത്തുക്കള്‍ അഭിനന്ദിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലാകുകയും ചെയ്തിരുന്നു.

സുഹൃത്തുക്കള്‍ പങ്കു വച്ച ഫേസ്‌ബുക്ക് കുറിപ്പ്

ഗോളടിച്ചപ്പോഴല്ല, ഇപ്പോഴാണ് നിന്നെ കുറിച്ച്‌ ഏറെ അഭിമാനം തോന്നുന്നത്. കല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ ഇന്നത്തെ മത്സരത്തിന് ശേഷം കണ്ട കാഴ്ച. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെ യും മിര്‍ഷാദും ആര്യന്‍ ക്ലബിനെതിരായ മൂന്ന് ഗോള്‍ ജയത്തിനു ശേഷം ആഘോഷിക്കുകയായിരുന്നില്ല.ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടിലെ ഗാലറിയില്‍ പോയി പിരിവെടുത്തു.

നമ്മള്‍ ചിലരെങ്കിലും പുച്ഛത്തോടെ ബംഗാളി എന്ന് വിളിക്കുന്ന കൊല്‍ക്കത്തക്കാര്‍ തന്നെയാണ് പ്രളയത്തില്‍ മുങ്ങിയ നമ്മുടെ നാടിനു പിരിവ് നല്‍കുന്നത്. അതും ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ. സ്വന്തം നാട് ഇവിടെ കരയുമ്ബോള്‍, ജോബിയും മിര്‍ഷാദും ഉബൈദുമൊക്കെ ഇങ്ങനെ കണ്ണീരൊപ്പുന്നുണ്ട് ?

ഒരു ഈസ്റ്റ് ബംഗാള്‍ ഫാന്‍ ആയതില്‍ അഭിമാനം, നിങ്ങളുടെ ചങ്ങാതി ആവാന്‍ കഴിഞ്ഞതില്‍ അതിനേക്കാളും