പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൈന്യത്തിന്റെ സഹായം തേടിയിരുന്നു; വ്യാജ പ്രചാരണങ്ങൾ പൊളിയുന്നു

തിരുവനന്തപുരം: പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൈന്യത്തിന്റെ സഹായം തേടിയിരുന്നതാ തെളിയുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തമേഖലകളില്‍ സിവില്‍ ഭരണകൂടത്തെ സഹായിക്കുകയാണ് സൈന്യത്തിന്റെ ചുമതല. ഒരിടത്തും ഒരിക്കലും സൈന്യം മാത്രമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസേന നിലവില്‍ പ്രശംസനീയമായ രക്ഷാപ്രവര്‍ത്തനമാണു നടത്തിവരുന്നത്.

എന്നാല്‍, ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ സേനയ്ക്ക് വീഴ്ചയുണ്ടായി. ദുരന്തത്തില്‍ ഇന്നലെ മാത്രം 33 പേര്‍ മരിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം 19,512 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ വലിയ പ്രളയക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുന്നുണ്ട്. ഇന്നലെ മാത്രം രക്ഷാപ്രവര്‍ത്തകര്‍ 58506 പേരെ രക്ഷപ്പെടുത്തി. മഴയും ന്യുനമര്‍ദവുമാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. അപകടം സംബന്ധിച്ച് ജനങ്ങള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, മുന്‍ധാരണകള്‍ വച്ച് ഒഴിഞ്ഞുപോവാത്തവര്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്ഥിതി മറ്റൊന്നായി. ദുരന്തം മുന്നില്‍ കണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.

നാടിന്റെ രാഷ്ട്രീയസംസ്‌കാരമാണ് കെടുതിയെ അതിജീവിക്കാന്‍ കരുത്തായത്. ഏത് കേരളീയനും ഇതില്‍ അഭിമാനിക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രാവിലെയും വൈകീട്ടും അവലോകനയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.