മാനുഷി ചില്ലറിലൂടെ ഇന്ത്യയ്‌ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം

    സാനിയ: 17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്‌ക്ക്. ഹരിയാന സ്വദേശനി മാനുഷി ചില്ലർ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിലെ സാനിയയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് 21കാരിയായ മാനുഷി ലോകസുന്ദരിയായി കിരീടമണിഞ്ഞത്. 2000ൽ പ്രിയങ്കാ ചോപ്രയ്‌ക്ക് ശേഷം ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

    കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പ്യൂട്ടറിക്കോയുടെ സ്‌റ്റെഫാനി ഡെൽവാലെ, മാനുഷിയെ ലോകകിരീടം അണിയിച്ചു. 2017ലെ മിസ് ഇന്ത്യ കൂടിയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായ മാനുഷി. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള യാരിറ്റ്‌സ റെയേസ് ഫസ്റ്റ് റണ്ണറപ്പും മെക്‌സിക്കോയിൽ നിന്നുള്ള മത്സരാർത്ഥി സെക്കൻഡ് റണ്ണറപ്പുമായി. 2013 ലെ ലോകസുന്ദരി മെഗൻ യംഗായിരുന്നു മത്സരത്തിന്റെ അവതാരക.

    1966ൽ റീത്താഫാരിയയാണ് ആദ്യമായി ഇന്ത്യയ്‌ക്ക് ലോകസുന്ദരിപ്പട്ടം സമ്മാനിച്ചത്. അതിനുശേഷം 28 വർഷങ്ങൾ വേണ്ടി വന്നു ഐശ്വര്യ റായിയിലൂടെ ലോകകിരീടം വീണ്ടും ഇന്ത്യയിലെത്താൻ. തുടർന്ന് ഡയാന ഹെയ്‌ഡൻ (1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര (2000) എന്നിവർ ലോകസുന്ദരികളായി.