പ്രളയത്തിൽ രക്ഷകനായി കെ.എസ്.ആർ.ടി.സി; സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് ഒട്ടുമിക്ക ഇടങ്ങളിലും പുനരാരംഭിച്ചു. കോട്ടയത്ത് എം.സി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍- കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയേകാന്‍ കെ.എസ്.ആര്‍.ടി.സി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പത്തനംതിട്ട, വയനാട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലേക്ക് സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ച് നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സൗജന്യമായാണ് എത്തിച്ചത്. കൂട്ടാതെ കേന്ദ്രസൈന്യത്തേയും രക്ഷാപ്രവർത്തകരെയും ദുരന്തബാധിത പ്രദേശത് എത്തിച്ചതും കെ.എസ്.ആര്‍.ടി.സി ആണ്.

കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍- കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്‌പെഷല്‍ പാസഞ്ചര്‍ ട്രയിനുകള്‍ ഓടുന്നുണ്ട്.

നിലവില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.