നാല് ജില്ലകളുടെ സ്ഥിതി ഗുരുതരം: ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്നത്തെ കണക്ക് അനുസരിച്ച് 52856 കുടുംബങ്ങളിലുള്ള 223000 പേര്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. നിലവിലുള്ള കണക്ക് അനുസരിച്ച് 164 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രാവിലെ തന്നെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. ചാലക്കുടി മൂന്ന്, എറണാകുളം അഞ്ച് പത്തനംതിട്ട ഒന്ന്, ആലപ്പുഴ ഒന്ന് എന്ന രീതിയില്‍ ഹെലികോപ്റ്ററുകള്‍ രാവിലെ തന്നെ എത്തി. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് ഹെലികോപ്റ്ററുകള്‍ വീതം എത്തിച്ചേരുകയും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഉന്നതതലയോഗം തീരുമാനിച്ചതനുസരിച്ച് തൃശ്ശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍, എന്നിവിടങ്ങളിലേക്കും പത്തനംതിട്ട ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് കാലത്ത് ഈ മേഖലകളില്‍ 150ല്‍ ഏറെ ബോട്ടുകള്‍ അധികമായി എത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, ചാലക്കുടി എന്നീ രണ്ടു മേഖലകളിലെ ചില സ്ഥലങ്ങളിള്‍ ഒറ്റപ്പെട്ടുപോയവരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താന്‍ കഴിയൂ. അത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ്. ആര്‍മിയുടെ 16 ടീമുകള്‍ വിവിധ കേന്ദ്രങ്ങളിലായി ഇപ്പോള്‍ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശ്ശൂരിലും 10 ടീമുകള്‍ വയനാട്ടിലും 4 ടീമുകള്‍ ചെങ്ങന്നൂരിലും 12 ടീമുകള്‍ ആലുവയിലും 3 ടീമുകള്‍ പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നാവികസേനയുടെ മാത്രം 3 ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ടീമുകള്‍ 28 കേന്ദ്രങ്ങളില്‍ ഇപ്പോഴുണ്ട്. കൂടാതെ 2 ഹെലികോപ്ടറുകളും കോസ്റ്റ് ഗാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. എന്‍ഡിആര്‍എഫിന്റെ 39 ടീമുകളാണ് ഇപ്പോള്‍ രംഗത്തുളളത്. ഇതിനു പുറമെ 14 ടീമുകള്‍ കൂടി ഉടനെ എത്തും. എന്‍.ഡി.ആര്‍.എഫ് മാത്രം 4000 ത്തിലധികം പേരെ രക്ഷപ്പെടുത്തി സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാവികസേന 550 പേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി അദ്ദേഹം അറിയിത്ച്ചു.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കിയിലും വയനാട്ടിലും മഴ അല്പം കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളില്‍ വെള്ളം താണുവരുന്നുണ്ട്. എന്നാല്‍ ചെങ്ങന്നൂരിലും തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണപാക്കറ്റുകള്‍ സംഭരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ എത്തിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഡിആര്‍ഡിഒയും ഭക്ഷണപാക്കറ്റുകള്‍ അയക്കുന്നുണ്ട്. മുടങ്ങാതെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

കൂടുതുല്‍ പ്രശ്‌നമുളള സ്ഥലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ഓരോ മണിക്കൂറിലും വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഓരോ നാലു മണിക്കൂര്‍ കഴിയുമ്പോഴും ക്രോഡീകരിച്ച് വിവരങ്ങള്‍ നല്‍കണം. അതനുസരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇന്ന് കാലത്ത് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. വൈകീട്ട് വീണ്ടും യോഗം ചേരും. ഓരോ മേഖലയിലേക്കും പ്രത്യേകമായി നിയോഗിക്കപ്പെട്ടവരടക്കം ഉദ്യോഗസ്ഥരെല്ലാം സജ്ജീവമായി രക്ഷാപ്രവര്‍ത്തനദുരിതാശ്വാസ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.