ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും. ഇടുക്കി അണക്കെട്ടില്‍ 2403 അടി എന്ന നിലയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കെഎസ്ഇബി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടായേക്കും.

നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നത്. ഇത് 17 ലക്ഷം ലിറ്ററായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. 2403 അടിയെത്തുന്നതുവരെ 15 ലക്ഷം ലിറ്റര്‍തന്നെ തുടരും. 2403 അടിയില്‍ എത്തിക്കഴിഞ്ഞാല്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് 17 ലക്ഷം ലിറ്ററാക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോള്‍ വേണമെങ്കിലും വര്‍ധിപ്പിക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്. ആ ജലം കൂടി ഇടുക്കി അണക്കെട്ടിലേക്ക് എത്തിയാല്‍ ജലനിരപ്പ് അപകടകരമാംവിധം വര്‍ധിക്കും. ഈ സാഹചര്യത്തെ നേരിടുന്നതിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം കൂടുതലായി തുറന്നുവിടാന്‍ ആലോചിക്കുന്നത്.

അതേസമയം, ഇടമലയാറില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ഇടമലയാറില്‍ ജലനിരപ്പ് താഴുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഇടുക്കിയില്‍നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയാലും പെരിയാറിലെ വെള്ളത്തിന്റെ നിലയില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.