സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. മഴയുടെ ഇടവേള കൂടിയെങ്കിലും ശക്തി കുറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ബാണാസുര ഡാമിന്റെ അണക്കെട്ട് അപ്രതീക്ഷിതമായി തുറന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. ജില്ലയില്‍ നൂറുകണക്കിന് ആളുകളാണ് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും.

ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാനുഗതമായി കുറയുന്നത് ആശങ്കകള്‍ ഒഴിവാക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. സംസ്ഥാനത്ത് മഴ 14 വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. ജലനിരപ്പ് കുറഞ്ഞെങ്കിലും ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ താഴ്ത്തില്ല. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.38 അടിയാണ്.