ബാണാസുര സാഗര്‍ ഡാം തുറന്നത് കളക്ടര്‍ പോലും അറിയാതെ

കല്‍പ്പറ്റ: മുന്നറിയിപ്പുകളോന്നുമില്ലാതെയാണ്‌ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന് വ്യക്തമാകുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കളക്ടര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. കളക്ടര്‍ പോലും അറിയാതെയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് തുറന്നത്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗര്‍ തുറക്കുന്നതിന് മുമ്പ്‌ സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉള്‍പ്പടെയുള്ളവര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായിപ്പോയി ഇതെന്നും എന്നാല്‍ വിവാദങ്ങളുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയാണ് താനെന്നുമാണ് എം.എല്‍.എ പറഞ്ഞത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉണ്ടായില്ല. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല. മുഴുവന്‍ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ്‌ കെ.എസ്.ഇ.ബി ഡാം തുറന്നത്.